സമാനമനസ്കര്‍

ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍ ആരൊരാളതിന്‍ യാഗം മുടക്കുവാന്‍ ................... എന്‍ കുതിരയെ ചെമ്പന്‍ കുതിരയെ.

Sunday, January 28, 2007

നക്ഷത്രം വഴി കാണിച്ചപ്പോള്‍

ഞാനുള്ളിടത്ത് കാക്കകളില്ലായിരുന്നു.
പാതിരാത്രിയില്‍ ഒരു നക്ഷത്രം എന്നെ കൈകാട്ടി വിളിച്ചു.
ഞാന്‍ കണ്ണ് തുറന്ന് പുറത്തേയ്ക്ക് നോക്കി.അത് പതുക്കെ താഴോട്ടിറങ്ങിയിറങ്ങി വന്നു.എന്നെ വിളിച്ചുകൊണ്ടേയിരുന്നു.

ഞാനെഴുന്നേറ്റു ഷൂവിട്ടിറങ്ങി നടന്നു.നക്ഷത്രം കാണിച്ച വഴിയേ. കാറും ലോറിയുമെല്ലാം കടന്നുപൊയ്കൊണ്ടിരുന്നു. ഞാനൊന്നും കണ്ടില്ല.അവസാനം ഒരു തെരുവിലെത്തി. ഒരിടവഴിയിലൂടെ കുറേ നടന്നു. നക്ഷത്രം അപ്രത്യക്ഷമായി.കുറേ നടകള്‍ കാണാറായി. ഞാനതു കയറി. എവിടെയോ കേട്ടു മറന്ന ശബ്ദം. ചുറ്റും നോക്കി.ശബ്ദത്തിന്റെ ദിശയില്‍ നടന്നു. അത് സംസ്കൃതത്തിലായിരുന്നു.കുഞ്ഞുന്നാളില്‍ അമ്പലത്തില്‍ നിന്നുമുള്ള സുപ്രഭാതം കേള്‍ക്കാനായി നാല് മണി മുതലെഴുന്നേറ്റു പുറത്തിറങ്ങി നില്‍ക്കുമ്പോഴുള്ള സുഖം.ഇടുങ്ങിയ വഴികള്‍ക്കിരു വശവുമായി കുറേ കടകള്‍. എല്ലാ കടകളില്‍ നിന്നും പല ശ്ലോകങ്ങള്‍.ഒരു കടയില്‍ നിന്നും വിഷ്ണു സഹസ്രനാമം കേട്ടു. ഞാനവിടെ കയറിയിരുന്നു.കടക്കാരന്‍ എന്തുവേണമെന്നാവശ്യപ്പെട്ടു.സഹസ്രനാമം കേള്‍ക്കണം. അയാള്‍ ഒരു സി.ഡി. തന്നു, പൈസ ആവശ്യപ്പെട്ടു.എനിക്ക് സി.ഡി.പ്ലെയറില്ലായിരുന്നു. അയാള്‍ തിരിച്ചയച്ചു.

കെട്ടിടത്തിന്റെ മുകളിലേയ്ക്ക് ആളുകള്‍ കയറിപ്പോകുന്നത് കണ്ടു. ഞാനും കൂടെ കയറി.അതൊരു അമ്പലമായിരുന്നു. ശിവന്റേയും പാര്‍വ്വതിയുടേയും ഗണപതിയുടേയും പടത്തിന് താഴെ ഒരു മൂലയില്‍ ഞാനിരുന്നു.കുറേ കഴിഞ്ഞപ്പോള്‍ ആരോ എന്നെ കണ്ടു. അവര്‍ എന്നോട് എഴുന്നേറ്റ് പോകാന്‍ പറഞ്ഞു.

താഴെ ഇറങ്ങിയപ്പോള്‍ പൂ വില്‍ക്കുന്ന കട കണ്ടു. ഒരു സഞ്ചി നിറയെ മുല്ലപ്പൂവും പിച്ചിപ്പൂവും വെന്തിയും ചെമ്പകപ്പൂവും ഒരു നല്ല റോസാപൂവും വാങ്ങി നടന്നു.പാതിരാത്രിയായതിനാല്‍ റോട്ടില്‍ വാഹനങ്ങള്‍ കുറവായിരുന്നു.ഒരു കടല്‍ തീരത്തെത്തി. കടല്‍ തുരന്നെടുത്ത ഒരു ചെറിയ പുഴയായിരുന്നു അത്.അതിന് ചുറ്റും കുറേ പുല്ലുകളുള്ള പാര്‍ക്കും. ഞാനവിടെയിരുന്നു, പൂക്കള്‍ നിരത്തിവെച്ച് കളിച്ചു.പുഷ്പാഞ്ജലി കഴിക്കാന്‍ മന്ത്രമറിയില്ലായിരുന്നു. അപ്പോഴേക്കും നേരം വെളുക്കാറായിരുന്നു.

മുകളിലേക്ക് നോക്കി. ഒരു മരത്തിലെ പ്ലാസ്റ്റിക് ബാഗില്‍ ചോറും കറിയും തൂങ്ങിക്കിടക്കുന്നു.ഞാന്‍ വടിയെടുത്ത് കവര്‍ പൊട്ടിച്ചു. ചോറ് നിലത്ത് വീണു. ഒരിലയെടുത്ത് ഞാനത് ശേഖരിച്ചു.അന്ന് ശിവരാത്രിയായിരുന്നു. ആത്മാക്കള്‍ക്ക് ബലിയിടുന്ന ദിവസം.എന്റെ പിതൃക്കള്‍ക്ക് ബലിയിലൂടെയുള്ള മോക്ഷം നിഷിദ്ധമാണ്.പിന്നെയാര്‍ക്ക് ബലിയിടും. ഓ.കെ, ബലിയിടാന്‍ മക്കളില്ലാതെ അലയുന്ന അച്ഛനമ്മമാരുടെ ആത്മാക്കള്‍ക്കാകട്ടേ, എന്റെ ബലി.

മുങ്ങിക്കുളിക്കണം. പുഴയില്ല. കടല്‍ വെള്ളത്തിന് ഉപ്പാണ്. തെന്നുന്ന പടികളിലൂടെ വെള്ളത്തിലെത്തി. അവസാനത്തെ പടിയിലിരുന്ന് തല കുനിച്ച് ഒരുവിധം മുക്കിയെടുത്തു.ദേഹം അടുത്തു കണ്ട ശൌച്യാലയത്തിലെ പൈപ്പു വെള്ളത്തിലും.ഈറനായി വന്ന് ചോറ് കുഴച്ച് ഉരുളയാക്കി ഇലയ്ക്ക് ചുറ്റും വെച്ചു.

ഇനി ബലിക്കാക്കകള്‍ വേണം.കണ്ണുമടച്ച് “ക്രാ, ക്രാ എന്ന് ഉറക്കെ അലറി.അപ്പോഴേക്കും നേരം വെളുത്തിരുനു. അരികിലൂടെ കടന്നു പോയ പാ‍ക്കിസ്ഥാനിയും പഞ്ചാബിയും മിഴിച്ചു നോക്കി.റഷ്യാക്കാരി ഒന്നും സംഭവിക്കാത്തതു പോലെ നടന്നു നീങ്ങി.

അവസാനം നാല് കാക്കകള്‍ വന്നു. അവര്‍ എന്തൊക്കെയോ അടക്കം പറഞ്ഞു.ഞാനവയ്ക്ക് ബലിച്ചോറു നല്‍കി. അവ തിരിഞ്ഞിരുന്നു. എന്റെ ചോറവര്‍ ഉണ്ടില്ല.അത് ഫ്രൈഡ് റൈസും ചില്ലി ഗോപിയുമായിരുന്നു.
ആത്മാക്കള്‍ ചൈനീസ് കഴിക്കാത്തതിനാലാണോ?
ചോറിനു ചുറ്റും ചുമന്ന വരയില്ലാത്തതിനാലാണോ?
മുങ്ങിയ വെള്ളത്തിന് ഉപ്പായതിനാലാണോ?
കടല്‍ വെള്ളത്തിന് ശുദ്ധിയില്ലാത്തതിനാലാണോ?

Saturday, January 27, 2007

ഇന്നു ഞാന്‍, നാളെ നീ.

മാഗി ഒരു പൂച്ചയല്ല. അവളൊരു ബ്യൂട്ടീഷ്യനായിരുന്നു. പലപ്പോഴും തയ്കാനായി അവരുടെ കടയില്‍പോകുമ്പോള്‍ വിടര്‍ന്ന ചിരിയും കുശലാന്വേഷണവുമായി അടുത്തേക്ക് വരാറുണ്ടായിരുന്ന എന്റെപ്രായമുള്ള മാഗി അനിയത്തിയുടേയും കസിന്റേയുമെല്ലാം കൂട്ടുകാരിയായിരുന്നു.

വരാപ്പുഴയില്‍ നിന്നും ആലുവ വരെ രണ്ടായിരം രൂപയ്ക്ക് വേണ്ടി വരുന്നതെന്തിനെന്ന് ഞാനൊരിക്കല്‍ചോദിച്ചു. ചേട്ടന്‍ ദുബായിലാണെന്നും വീട്ടിലിരുന്ന് ബോറടിക്കാതിരിക്കാനും കുട്ടിയെ ആലുവയിലെസ്കൂളില്‍ ചേര്‍ത്തതുകൊണ്ടുമൊക്കെയാണെന്ന് അന്നുത്തരം പറഞ്ഞു.

ഇന്നനിയത്തി വിളിച്ചപ്പോള്‍ പറഞ്ഞു, എടീ, നമ്മുടെ മാഗിയില്ലേ, സര്‍ഗയിലുണ്ടായിരുന്ന ബ്യൂട്ടീഷ്യന്‍, അവളുടെ ഭര്‍ത്താവ് ദുബായിലെ ഒരു കാര്‍ ആക്സിഡന്റില്‍ ആറ് മാസം മുമ്പ്മരിച്ചു പോയി. കഴിഞ്ഞ ആഴ്ച മാഗിയും മരിച്ചു, കാന്‍സറായിരുന്നു. ഒരു കുട്ടിയുണ്ട്. ആരും നോക്കാനില്ലാതെ.ഒന്നും തോന്നിയില്ല. മനസ് മരവിച്ച പോയി. മരണത്തിന്റെ നിര്‍വ്വികാരത പോലെ.ഇന്നു ഞാന്‍, നാളെ നീ.