സമാനമനസ്കര്‍

ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍ ആരൊരാളതിന്‍ യാഗം മുടക്കുവാന്‍ ................... എന്‍ കുതിരയെ ചെമ്പന്‍ കുതിരയെ.

Wednesday, February 21, 2007

രക്തം ഊറ്റിക്കുടിക്കാന്‍ ഇതാ അടുത്ത ഭീകരന്‍ “ദുബായ് ടോള്‍”Wednesday, February 14, 2007

കാക്കിപ്രേമം

പോലീസാവാന്‍ കൊതിച്ച് കൊതിച്ച് പൊക്കമില്ലാതായപ്പോള്‍ ബസ് കണ്ടക്ടടെങ്കിലുമാകാന്‍ കൊതിച്ചു. പോലീസിനെ പ്രേമിക്കാന്‍ കൊതിച്ച്, കണ്ടക്ടറെ പ്രേമിക്കാന്‍ ശ്രമിച്ചപ്പോള്‍അവന്‍ ബസ്സില്‍ നിന്നും തള്ളിയിട്ടു. ഒരു ഓട്ടോറിക്ഷാ ഡ്രൈവറെങ്കിലും മതിയായിരുന്നു, അത്രയ്ക്ക് പ്രേമമായിരുന്നു കാക്കിയോട്, അങ്ങിനെ പോലീസ് പേടിക്കുന്ന വക്കീലായി.എന്നാലും എല്ലാരും പ്രണയദിനം, പ്രേമംന്നൊക്കെ പറയുമ്പൊ, ഒരു പോലീസുകാരന്‍ പോലും എന്നെ പ്രേമിച്ചില്ലല്ലോന്നോര്‍ക്കുമ്പൊ എവിടെയോ ഒരു ....................

Thursday, February 08, 2007

എനിക്ക് വയസ്സായി

എന്റെ കൈകളില്‍ ചുളിവുകള്‍ വീണിരിക്കുന്നു.
കാലാവസ്ഥയിലെ മാറ്റമാകാമെന്ന് കരുതി ആദ്യം ആശ്വസിച്ചു.
കിട്ടാവുന്ന ലേപനങ്ങളെല്ലാം പുരട്ടി നോക്കി.
സമപ്രായക്കാരുടേയും ചെറുപ്രായക്കാരുടേയും വയസ്സായവരുടേയുമെല്ലാം കൈകള്‍ പരിശോധിച്ചു
സമപ്രായക്കാരായ ചിലരുടെ ചുളുങ്ങിയ വിരലുകള്‍ കണ്ടപ്പോള്‍ ആശ്വസിച്ചു.
ചുളുങ്ങാത്ത കൈകളോട് അസൂയ തോന്നി.
നഖങ്ങള്‍ക്ക് മുമ്പത്തേക്കാളും കാഠിന്യം ഏറി വന്നു.
ലേപനങ്ങളാല്‍ ശാന്തി കിട്ടാതായപ്പോള്‍ മനസ്സ് മന്ത്രിച്ചു“നിനക്ക് വയസ്സായിരിക്കുന്നു”.
മുടി കണ്ണാടിയ്ക്ക് മുമ്പില്‍ നിവര്‍ത്തിയിട്ടു നോക്കി.
ബാല്യനരയെന്നും അകാലനരയെന്നും കരുതി സമാധാനിച്ചവ ജരാനരയുടെ ഭാഗമെന്ന് മനസ്സിലായി.
മൈലാഞ്ചിയില്‍ നിന്നും പതുക്കെ ‘ഗാര്‍ണിയ’റിലേക്ക് മാറി.
ബോഡി ഷേപ്പ് നോക്കി അനിയത്തി കളിയാക്കി“നിന്റെയൊരു കോലം”.
എനിയ്ക്കുമുണ്ടായിരുന്നൊരു കാലം.
വര്‍ഷങ്ങളായി കാത്തു സൂക്ഷിച്ചിരുന്ന സാരികളെല്ലാം പഴകി.
ദേഹമൊന്നു മെലിയട്ടേ, എന്നിട്ടുടുക്കാം.
അലമാരികളിലിരുന്ന് സാരികളെന്നെ നോക്കി പല്ലിളിച്ചു“ഈ കിളവിയെ ഞങ്ങള്‍ക്ക് വേണ്ട”.
ദിനം പ്രതി തടിച്ചു വരുന്ന ശരീരം സാരിയെന്ന മോഹത്തെ നോക്കിയും കൊഞ്ഞനം കുത്തി.
അതേ, എനിക്ക് വയസ്സായിരിക്കുന്നു.
ഏവണിനും ലോറിയലിനുമൊന്നും മായ്ക്കാനാവാത്ത ചുളിവുകളും
ഗാര്‍നിയറിനും ഗോദ്രെജിനുമൊന്നും മറയ്ക്കാനാവാത്ത നരയും
എന്നെയെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
പാതിവഴി കഴിഞ്ഞ യാത്രയില്‍ ജീവിതത്തിന് വേണ്ടി ജീവിച്ചിട്ട് നീയെന്ത് നേടി?
ഞാന്‍ നേടുകയായിരുന്നു, മരണത്തിലേക്കുള്ള പിന്നിട്ട പാത.
കൂട്ടാതെ പോയ തോഴിമാരും നിര്‍ത്താതെ പോയ ബസ്സുകളുമുള്ള ലാഭ നഷ്ട കണക്കുകളില്‍
ലാഭത്തിനിപ്പുറം നെഗറ്റീവെന്ന ചിഹ്നം.
റ്റാലിയാകാത്ത ബാലന്‍സ് ഷീറ്റുമായി സമയസൂചിക കറങ്ങുന്നതും നോക്കി പരീക്ഷാ ഹാളിലിരിക്കുന്ന വെപ്രാളത്തോടെ ദിനചക്രങ്ങളില്‍ഞാനിഴഞ്ഞു നീങ്ങുന്നൂ,
എന്നെ മാടിവിളിക്കുന്ന മരണത്തിലേക്ക്,
ചുറ്റിലും കാണുന്ന വഴികള്‍ക്കെല്ലാം ഒരേ പടിയാകുമ്പോള്‍ഇതെനിക്ക് അനിവാര്യമായ വഴിയെന്ന് അറിയാമായിരുന്നു.